ഏകലവ്യന്‍ വിരല്‍ ചൂണ്ടുന്നത്
ആയുധ വിദ്യ പഠിക്കാനാഗ്രഹിച്ച് രാജഗുരുവായ ദ്രേണാചാര്യരുടെ അടുക്കലെത്തുകയും നിഷാദിയെന്നു കണ്ട് ആട്ടി അകറ്റപ്പെടുകയും ഒടുവില്‍ ദ്രേണാചാര്യരാല്‍ വിരല്‍ നഷ്ടപ്പെടുകയും ചെയ്ത ഏകലവ്യന്റെ കഥ നമുക്ക് എല്ലാവര്‍ക്ക് അറിയാവുന്നതാണ്.ഒരു ഗുരുവിന്റെ അഹന്തയും വിവേചനവുമെല്ലാം ഈ കഥയില്‍ കാണാം..അത്തരത്തില്‍ നിറത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരു ഗുരു- ശിഷ്യ ബന്ധത്തിന്റെ കഥ പറയുകയാണ് ഷിജിന്‍ കുരിശിങ്കല്‍ സംവിധാനം ചെയ്ത ' പാഠം ഒന്ന് ഏകലവ്യന്റെ വിരല്‍' എന്ന ഷോര്‍ട്ട് ഫിലിം..കേവലം 3 മിനുട്ടില്‍ താഴെ മാത്രം എടുത്തുകൊണ്ട് ആധുനിക ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയതയുടെയും വിവേചനത്തിന്റെയും ഒരു രൂപം പ്രേക്ഷകര്‍ക്ക് കാണിച്ച് നല്‍കാന്‍ ഏകലവ്യന്റെ വിരലിനായി. ബോര്‍ഡില്‍ എഴുതിയ ' പാഠം ഒന്ന് ഏകലവ്യന്റെ വിരല്‍' എന്ന വാചകം മായിച്ച് കെണ്ടാണ് ഷോര്‍ട്ട് ഫിലീം ആരംഭിക്കുന്നത്. ഗ്രാഫിക്സിന്റെ സപ്പോര്‍ട്ടിലാതെ തന്നെ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു..ശേഷം ഒരു ക്ലാസില്‍നടക്കുന്ന സ്വാഭാവികമായ
ചലനങ്ങളെ ഒപ്പിയെടുത്ത് കൊണ്ട് മുന്നോട്ട് പോയി . ടീച്ചറുടെ വരവോടെ നിശബ്ദമായ ക്ലാസും ടീച്ചറുടെ മുഖഭാവവും തീര്‍ത്തും ഭീകരവും ഒട്ടും സൗഹ്യദപരമല്ലാത്തതുമായ ഒരു അന്തരീക്ഷമാണ് കാണിച്ച് തരുന്നത്.ശേഷം മുന്‍നിര ബഞ്ചുകളിലേക്ക നോക്കുന്ന ടീച്ചര്‍ അവിടെ നിറം കുറഞ്ഞ രണ്ട് കുട്ടികളെ കണ്ടെത്തുന്നു.AEO വരുന്നുണ്ട് നിങ്ങള്‍ പിറകില്‍ പോയി ഇരിക്കണംഎന്ന് പറയുന്ന സമയത്ത് നിഷ്കളങ്ക ബാല്യത്തിന്റെ മുഴുവന്‍ ദൈന്യതയും ആ രണ്ട് കുട്ടികളുടെ മുഖത്ത് കാണാം. ശേഷം ടീച്ചറുടെ രൂക്ഷമായ നോട്ടവും അതോടൊപ്പം ഭരണഘടനാ ശില്‍പ്പി അബേദ്കറുടെ ചിത്രവും കാണിച്ചതിലൂടെ ഒരായിരം ചിന്തകളെയും ചോദ്യങ്ങളെയും പ്രേക്ഷ കരുടെ മുന്നിലേക്കിട്ടു കൊടുക്കാന്‍ ഷോര്‍ട് ഫിലീമിനു കഴിഞ്ഞു..രാജ്യം സ്വാതന്ത്രം നേടി ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രമാത്രം അവകാശങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടും ക്ലാസ്മുറികളിലെ പിന്‍ബെഞ്ചുകളിലേക്ക് തള്ളപ്പെടുന്ന ഏകലവ്യന്‍മാരിലേക്കാണ് ഈ ഷോര്‍ട്ട് ഫിലീം വിരല്‍ ചൂണ്ടുന്നു .നിറവും ജാതിയും മനുഷ്യന്റെ ജീവനെടുക്കുന്ന കാലത്ത് പുറമെ പുരോഗമനവാദി ചമഞ്ഞാലും ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ജാതി ബോധത്തെ പേറി നടക്കുന്നവരാണ് നമ്മളില്‍ ചിലര്‍ എന്നത് ഇവിടെ ഉണര്‍ത്തുന്നു. കുറഞ്ഞ ദ്യശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും സ്വതന്ത്ര ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ജാതിയ വിവേചനങ്ങളെയും അസഹിഷ്ണുതയെയും തുറന്നുകാട്ടാന്‍ ഏകലവ്യന്റെ വിരലിനായി.
ഡബിങില്‍ വന്ന ചിലപോരായ്മകള്‍ ശ്രദ്ധിക്കപ്പെട്ടു.അതോടെപ്പം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് ഇറങ്ങി വന്ന് കേരളീയ പരിസരത്തില്‍ വീക്ഷിക്കുമ്പോള്‍ വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ വിവേചനമുണ്ടോ എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്...എങ്കിലും ഒരു തുടക്കക്കാരെന്ന രീതിയില്‍ പിന്നണി പ്രവര്‍ത്തകരുടെ പ്രയത്നത്തെ അംഗീകരിക്കാതെ വയ്യ.തന്റെ ക്യാമറയിലൂടെ മികച്ച ചലനങ്ങള്‍ ഒപ്പിയെടുത്ത ക്യാമറാമാന്‍ അനൂപ് പുന്തോട്ടത്തിലിനെയും,ചെയ്ത വേഷങ്ങള്‍ മനോഹരമാക്കിയ കുട്ടികളായ അഭിജിത്ത്, വിഷ്ണു ടീച്ചറുടെ റോള്‍ ചെയ്ത പ്രീത ടീച്ചര്‍ അതോടൊപ്പം ഈ ഷോര്‍ട്ട് ഫിലീമിന്റെ എല്ലാമെല്ലാമായ ഷിജിന്‍ കുരിശിങ്കലിനെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു..
ഷോര്‍ട്ട് ഫിലീം കാണാന്‍ ക്ലിക്ക് ചെയ്യുക : ഏകലവ്യന്റെ വിരല്‍ -ഷോര്‍ട്ട് ഫിലീം
