Wednesday, April 11, 2018


ഏകലവ്യന്‍ വിരല്‍ ചൂണ്ടുന്നത്

ആയുധ വിദ്യ പഠിക്കാനാഗ്രഹിച്ച് രാജഗുരുവായ ദ്രേണാചാര്യരുടെ അടുക്കലെത്തുകയും നിഷാദിയെന്നു കണ്ട് ആട്ടി അകറ്റപ്പെടുകയും ഒടുവില്‍ ദ്രേണാചാര്യരാല്‍ വിരല്‍ നഷ്ടപ്പെടുകയും ചെയ്ത  ഏകലവ്യന്റെ  കഥ നമുക്ക് എല്ലാവര്‍ക്ക് അറിയാവുന്നതാണ്‌.ഒരു ഗുരുവിന്റെ അഹന്തയും വിവേചനവുമെല്ലാം ഈ കഥയില്‍ കാണാം..അത്തരത്തില്‍ നിറത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട  ഒരു ഗുരു- ശിഷ്യ ബന്ധത്തിന്റെ കഥ പറയുകയാണ് ഷിജിന്‍ കുരിശിങ്കല്‍ സംവിധാനം ചെയ്ത ' പാഠം ഒന്ന് ഏകലവ്യന്റെ വിരല്‍' എന്ന ഷോര്‍ട്ട് ഫിലിം..കേവലം 3 മിനുട്ടില്‍ താഴെ മാത്രം എടുത്തുകൊണ്ട് ആധുനിക ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയതയുടെയും  വിവേചനത്തിന്റെയും ഒരു രൂപം പ്രേക്ഷകര്‍ക്ക് കാണിച്ച് നല്‍കാന്‍ ഏകലവ്യന്റെ  വിരലിനായി. ബോര്‍ഡില്‍ എഴുതിയ  ' പാഠം ഒന്ന് ഏകലവ്യന്റെ വിരല്‍'  എന്ന വാചകം മായിച്ച് കെണ്ടാണ് ഷോര്‍ട്ട് ഫിലീം ആരംഭിക്കുന്നത്‌. ഗ്രാഫിക്സിന്റെ സപ്പോര്‍ട്ടിലാതെ തന്നെ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍  കഴിഞ്ഞു..ശേഷം ഒരു ക്ലാസില്‍നടക്കുന്ന സ്വാഭാവികമായ
ചലനങ്ങളെ ഒപ്പിയെടുത്ത് കൊണ്ട് മുന്നോട്ട് പോയി  . ടീച്ചറുടെ വരവോടെ നിശബ്ദമായ ക്ലാസും ടീച്ചറുടെ മുഖഭാവവും തീര്‍ത്തും ഭീകരവും ഒട്ടും സൗഹ്യദപരമല്ലാത്തതുമായ ഒരു അന്തരീക്ഷമാണ്  കാണിച്ച്  തരുന്നത്.ശേഷം മുന്‍നിര ബഞ്ചുകളിലേക്ക നോക്കുന്ന ടീച്ചര്‍ അവിടെ നിറം കുറഞ്ഞ രണ്ട് കുട്ടികളെ കണ്ടെത്തുന്നു.AEO വരുന്നുണ്ട് നിങ്ങള്‍ പിറകില്‍ പോയി ഇരിക്കണംഎന്ന് പറയുന്ന സമയത്ത് നിഷ്കളങ്ക ബാല്യത്തിന്റെ മുഴുവന്‍  ദൈന്യതയും ആ രണ്ട് കുട്ടികളുടെ മുഖത്ത് കാണാം.  ശേഷം ടീച്ചറുടെ രൂക്ഷമായ നോട്ടവും അതോടൊപ്പം ഭരണഘടനാ ശില്‍പ്പി അബേദ്കറുടെ ചിത്രവും കാണിച്ചതിലൂടെ ഒരായിരം ചിന്തകളെയും ചോദ്യങ്ങളെയും പ്രേക്ഷ കരുടെ മുന്നിലേക്കിട്ടു കൊടുക്കാന്‍  ഷോര്‍ട് ഫിലീമിനു കഴിഞ്ഞു..രാജ്യം സ്വാതന്ത്രം  നേടി ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രമാത്രം അവകാശങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടും ക്ലാസ്മുറികളിലെ പിന്‍ബെഞ്ചുകളിലേക്ക് തള്ളപ്പെടുന്ന ഏകലവ്യന്‍മാരിലേക്കാണ് ഈ ഷോര്‍ട്ട് ഫിലീം വിരല്‍ ചൂണ്ടുന്നു .നിറവും ജാതിയും മനുഷ്യന്റെ ജീവനെടുക്കുന്ന കാലത്ത് പുറമെ പുരോഗമനവാദി ചമഞ്ഞാലും ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ജാതി ബോധത്തെ പേറി നടക്കുന്നവരാണ് നമ്മളില്‍ ചിലര്‍ എന്നത് ഇവിടെ ഉണര്‍ത്തുന്നു. കുറഞ്ഞ ദ്യശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും സ്വതന്ത്ര ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ജാതിയ വിവേചനങ്ങളെയും അസഹിഷ്ണുതയെയും തുറന്നുകാട്ടാന്‍ ഏകലവ്യന്റെ  വിരലിനായി.

ഡബിങില്‍ വന്ന ചിലപോരായ്മകള്‍ ശ്രദ്ധിക്കപ്പെട്ടു.അതോടെപ്പം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് ഇറങ്ങി വന്ന് കേരളീയ പരിസരത്തില്‍ വീക്ഷിക്കുമ്പോള്‍ വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ വിവേചനമുണ്ടോ എന്നത്   ചര്‍ച്ച ചെയ്യേണ്ടതാണ്...എങ്കിലും ഒരു തുടക്കക്കാരെന്ന രീതിയില്‍ പിന്നണി പ്രവര്‍ത്തകരുടെ പ്രയത്നത്തെ അംഗീകരിക്കാതെ വയ്യ.തന്റെ ക്യാമറയിലൂടെ  മികച്ച ചലനങ്ങള്‍ ഒപ്പിയെടുത്ത ക്യാമറാമാന്‍ അനൂപ് പുന്തോട്ടത്തിലിനെയും,ചെയ്ത വേഷങ്ങള്‍ മനോഹരമാക്കിയ കുട്ടികളായ അഭിജിത്ത്, വിഷ്ണു ടീച്ചറുടെ റോള്‍ ചെയ്ത പ്രീത ടീച്ചര്‍ അതോടൊപ്പം ഈ ഷോര്‍ട്ട് ഫിലീമിന്റെ എല്ലാമെല്ലാമായ ഷിജിന്‍ കുരിശിങ്കലിനെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു..
ഷോര്‍ട്ട് ഫിലീം കാണാന്‍ ക്ലിക്ക് ചെയ്യുക : ഏകലവ്യന്റെ വിരല്‍ -ഷോര്‍ട്ട് ഫിലീം 

Sunday, November 19, 2017

              സുഖം തന്നെ...
 സുഖവിവരം അന്വേഷിച്ച് വരുന്നവരോടെക്കെ
ഞാൻ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തും.
സുഖം  തന്നെ..

രോഗിയായി കിടക്കയിൽ
പനിച്ച് വിറങ്ങവിച്ചു കിടക്കുന്നവനും ഒരു സുഖമുണ്ട്.
ഓർക്കാനിഷ്ടമില്ലാത്ത നഷ്ടങ്ങളെ
ഓർത്തെടുക്കുമ്പോഴും ഒരു സുഖമുണ്ട്.

സുഖവിവരം ചോദിക്കുന്ന ആരെയും ഞാൻ നിരാശപ്പെടുത്താറില്ല.
എന്റെ അസുഖങ്ങളറിഞ്ഞ് അവരുടെ സുഖം കളയണ്ടെന്ന് കരുതി ഞാൻ പറയും 'സുഖം തന്നെ'...
ചിലർ പറയും സുഖം എന്നത് മനുഷ്യന്  അപൂർവ്വമായി കിട്ടുന്ന സൗഭാഗ്യമാണെന്ന്..
എന്നാൽ ഞാൻപറയുന്നു..
നഷ്ട സ്വപ്നങ്ങളെ കുറിച്ചോർത്ത് വിലപിക്കാത്തവനും
ഭാവിയെ കുറിച്ച് സ്വപ്നം കണ്ട് വ്യാകുലപ്പെടാത്തവനും നിത്യ സുഖമാണ്....പരമാനന്ദം..

Sunday, November 12, 2017

    അവൾ
പൂവാണവൾ...
കൊച്ചു പൂമ്പാറ്റയാണവൾ.
തീയാണവൾ..
ഉരുകും തീനാളമാണവൾ.
ഉയിരാണവൾ..
ഉയിരു നൽകുന്ന ജനിയവൾ.
തണിയാണവൾ..
തണലു നൽകുന്ന തരുണിയവൾ.
കടലാണവൾ..
അലറി വീശുന്ന തിരയവൾ.


Thursday, May 25, 2017

എന്റെ ചിന്തകൾ

                                      ചിരിക്കുന്ന മാങ്ങ
മാവിൻ കൊമ്പിലിരുന്ന് എന്നെ നോക്കിചിരിക്കുന്ന മാങ്ങക്കറിയുമോ ഞാൻ എത്രമാത്രം അതിനെ കൊതിക്കുന്നുണ്ടെന്ന്..
മാവിൽ കയറി പറിക്കാനോ കല്ലെറിഞ്ഞ് വീഴ്ത്താനോ
എനിക്ക് കഴിയില്ലെന്ന ചിന്തയാണോ ഈ ചിരിക്ക് പിന്നിലെന്ന് എനിക്കറിയില്ല...
പക്ഷെ എനിക്കെന്നറിയാം നിനക്ക് അടുത്ത വസന്തത്തിലും എന്നോട് ഇത് പോലെ ചിരിക്കാൻ കഴിയില്ലെന്ന്
                           പേപ്പറും പേനയും
എഴുതാൻ പേപ്പറും പേനയും തീർന്നിരിക്കുന്നു.
പക്ഷെ മനസ്സ് നിറഞ്ഞ് തുളുമ്പുകയാണ്.
എനിക്ക് എഴുതാൻ പേപ്പറും പേനയും വേണ്ട..
പണ്ട് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്..അസ്വസ്ഥമായ മനസ്സിൽ നിന്നാണ് മികച്ച രചനകളുണ്ടാകുന്നത് എന്ന്..
അത് കൊണ്ട് എനിക്കെഴുതാൻ പേപ്പറും പേനയും വേണ്ട..
മഷി തീരാത്ത വിശാലമായ എന്റെ മനസ്സ് മതി.
കാരണം ഞാനും ഒരു ഭ്രാന്തനായ ദസ്തയോവിസ്കിയാണ്..
എന്റെ ഓരോ വരികൾക്കിടയിലും എന്റെ കണ്ണീരിന്റെ ഉപ്പ് രുചിച്ചെന്നിരിക്കാം...

          പ്രതീക്ഷയില്ലാത്തവന് ഉറക്കമില്ല..

ആരും വരാനില്ല എന്നാലും ഒരു തോന്നൽ
ആരോ വരാനുള്ളത് പോലെ.
ആരോ ഒരു ശുഭ വാർത്തയും കൊണ്ട് വരാനുണ്ട്..
ഇതുവരെയുള്ള ചിന്തയും പ്രതീക്ഷയും കാത്തിരിപ്പും അവസാനിക്കാൻ പോവുകയാണ്‌....
അവൻ വരും ഉറപ്പാണ്.
നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഓരോ രാത്രിയും നമ്മെ ഉറക്കുന്നത്.
പ്രതീക്ഷയില്ലാത്തവന് ഉറക്കമില്ല...

Wednesday, May 24, 2017

മുഖംമൂടിക്കാരൻ


ഞങ്ങൾ കണ്ട തൃശ്ശൂർ-യാത്രാ വിവരണം

                        ഞങ്ങൾ കണ്ട തൃശ്ശൂർ
                                           മൊഹിയദ്ദീൻ ചാന്ത്
"  വരയൻ പുലി അഴിക്കുള്ളിലൂടെ  ഞങ്ങളെ രൂക്ഷമായി നോക്കിക്കൊണ്ട് ഗർജിച്ചു.ആയിരം പേരെ ദാഹിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു അതിന്റെ   നോട്ടത്തിന്.."
ഞങ്ങളുടെ തൃശൂർ യാത്രയിലെ  വ്യത്യസ്തമായ അനുഭവമായിരുന്നു തൃശൂർ മൃഗശാലയിലെ സന്ദർശനം.
            ഇലക്ഷൻ  കഴിഞ്ഞ  ആലസ്യത്തിൽ എങ്ങോട്ടെങ്കിലും  പോയിവരാം എന്ന്  എല്ലാവരും ചിന്തിക്കുമ്പോഴാണ് ഞാൻ തന്നെയാണ് തൃശൂരിൽ പോവാം എന്ന് കൂട്ടുകാരോട് പറഞ്ഞത്..പറഞ്ഞ ഉടനെ തന്നെ യാത്ര പ്ലാൻ ചെയ്യാനുള്ള ഉത്തരവാദിത്വവും അവർ എന്നെ തന്നെ ഏൽപ്പിച്ചു....അങ്ങനെ ടൂർ ഓപ്പറേറ്ററുടെ റോൾ എനിക്ക് വീണ്ടും  കെട്ടേണ്ടി വന്നു.ഗൂഗിളിൽ അന്വേഷിച്ച് കുറച്ച് സ്ഥലങ്ങൾ കണ്ട് വച്ചു...അങ്ങനെ ഏപ്രിൾ 15 ശനിയാഴ്ച്ച  ഞാനും സുഹ്യത്തുക്കളായ  സുഹൈൽ,ആദിൽ,ഫയാസ് എന്നിവരും യാത്ര പുറപ്പെടാൻ തീരുമാനിച്ചു...
           രാവിലെ 6 മണിക്ക് തന്നെ ഞങ്ങൾ തലപ്പാറ ബസ്സ്സ്റ്റോപ്പിൽ എത്തി.6.20  ന് പ്രതീക്ഷിച്ച പോലെ കോട്ടയം വരെ പോകുന്ന ആനവണ്ടി കിട്ടി.തുടക്കത്തിൽ സീറ്റ് കിട്ടിയില്ലെങ്കിലും  കുറച്ച് കഴിഞ്ഞപ്പോൾ  പലയിടത്തായി ഞങ്ങൾ എല്ലാവർക്കും സീറ്റ് കിട്ടി.ബസ് മലപ്പുറം ജില്ലയിൽ നിന്ന്  കുറ്റിപ്പുറവും ഭാരതപ്പുഴയും കുന്നംകുളവും കടന്ന് തൃശൂർ ടൗണിലെത്തി.രണ്ടേക്കാൽ മണിക്കൂർ നീണ്ട ബസ് യാത്രക്ക് ശേഷം ഭക്ഷണം കഴിക്കാനായി  ഞങ്ങൾ KSRTC ബസ്റ്റാന്റിലെ  ഹോട്ടലിൽ കയറി .മസാല ദേശ ഓർഡർ ചെയ്ത്  നല്ല തൃശൂർ രുചി പ്രതീക്ഷിച്ച ഞങ്ങളെ നിരാശരാക്കി മസാലദോശയുടെ കൂടെ  ഉള്ളിക്കറിയുടെ നിലവാരം പോലുമില്ലാത്ത സാമ്പാറും തൈര് പോലുള്ള ചട്ട്ണിയുമാണ് കിട്ടിയത്..കോളേജ് കാൻറീനിലെ മസാലദോശയെ ഒരു നിമിഷം നമിച്ചുപോയി..ചായക്കെങ്കിലും മധുരം പ്രതീക്ഷിച്ച ഞങ്ങൾക്ക് തെറ്റിപ്പോയി...
               ഹോട്ടലിൽ നിന്ന്  പുറത്തിറങ്ങിയ ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് മ്യഗശാലയിലെത്തി...ക്യത്യമായി പറഞ്ഞാൽ  ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവസാനമായി ഇവിടെ എത്തിയത്.കാലം മ്യഗശാലയുടെ പുറം മോടിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല...കുറച്ച് CCTV ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ട് എന്നെഴികെ...ഞങ്ങൾ നേരത്തെ എത്തിയത് കൊണ്ട് മ്യഗശാലയിൽ ആള് വരുന്നതെ ഉണ്ടായിരുന്നുള്ളു..ടിക്കറ്റ് കൗണ്ടറിലെതിരകക് ഒഴിയുന്നതും കാത്ത്  പുറത്തുള്ള ബഞ്ചിൽ അൽപ്പ നേരം വിശ്രമിച്ചു.ശേഷം ടിക്കറ്റെടുത്ത് മ്യഗശാലയിൽ പ്രവേശിച്ചു.മ്യഗശാലയിലേക്ക് കടന്ന് ചെന്ന ഞങ്ങളെ ആദ്യമായി വരവേറ്റത്ത് വിവിധതരം അലങ്കാര പക്ഷികളായിരുന്നു..ഇടക്ക് വച്ച് കണ്ട ഒരു സിംഹവാലൻ കുരങ്ങിന്റെ  ഫോട്ടോ ടൂർ വരാതെ മുങ്ങിയ ഒരു സുഹ്യത്തിന് അയച്ച് കൊടുത്ത് നിവ്യതി അടഞ്ഞു..
               വിഷു കഴിഞ്ഞ് പിറ്റെ ദിവസമായത് കൊണ്ട്  മ്യഗശാലയിൽ നല്ല തിരക്കായിരുന്നു.അധികം കുടുംബത്തോടെപ്പം  വന്നവരായിരുന്നു.പലതരം മാനുകളെയും കാളകൾ ,പക്ഷികൾ,കുരങ്ങുകൾ,പുലി,കടുവ,സിംഹം എന്നിവയെ കണ്ടു..കാട്ടിലെ രാജാക്കൻമാരായ കടുവയും സിംഹവുമെക്കെ ഒരു ഇരുമ്പുക്കൂടിനകത്ത് കിടക്കുന്നത് കണ്ടിട്ടുള്ള സങ്കടം ഞങ്ങൾ പരസ്പരം പങ്കുവച്ചു.മ്യഗങ്ങളെക്കെ എങ്ങോട്ടെന്നില്ലാതെ കൂടുമുഴുവൻ ഓടി നടന്ന് ഗർജിക്കുന്നുണ്ട് .ശേഷം ഞങ്ങൾ വിവിധ തരം  പാമ്പുകളെ സൂക്ഷിച്ചിട്ടുള്ള ഭാഗത്ത് നീങ്ങി.കടന്ന് ചെല്ലുമ്പോൾ തന്നെ  പുറത്ത് കൂട്ടിൽ കിടക്കുന്ന മലമ്പാമ്പിനെയാണ് കണ്ടത്..പല വലുപ്പത്തിലും രൂപത്തിലുമുള്ള പാമ്പുകളെ കണ്ടു.രാജവെമ്പാലയുടെ കൂട്ടിനുള്ളിൽ കൂളർ സ്ഥാപിച്ചിട്ടുണ്ട്.ഇനി പേരിൽ 'രാജ' ഉള്ളത് കൊണ്ടാണോ എന്നറിയില്ല...ശേഷം ഞങ്ങൾ മ്യഗശാലയുടെ കോംപൗണ്ടിൽതന്നെയുളള മ്യൂസിയത്തിലേക്ക് നീങ്ങി.കടന്നു ചെല്ലുന്നിടത്ത് തന്നെ തിമിംഗലത്തിന്റെ രണ്ട് വാരിയെല്ലുകളാണ് വാതിലിന് ഇരു വശവും ഉള്ളത്‌.ഉള്ളിൽ ആദ്യം കാണുന്നത് ഒരു ആനയുടെ പൂർണ്ണരൂപത്തിലുളള  അസ്ഥികൂടമാണ്.പഴമയുടെ ശേഷിപ്പുകളായുള്ള പുരാതന കേരളത്തിൽ  ഉപയോഗിച്ചിരുന്ന വിവിധ തരം വസ്തുക്കളുള കലാരൂപങ്ങളും വിവിധ ജീവികളുടെ മുട്ടകളും ശരീരവശിഷ്ടങ്ങളും  അവിടെ പ്രദൾശിപ്പിച്ചിരിക്കുന്നു..ഈ വസ്തുക്കളെക്കെ ശേഖരിക്കുകയും  ഭംഗിയായി സംരക്ഷിക്കുകയും ചെയ്യുന്ന പുരാവസ്തു വകുപ്പിനെ അഭിനന്ദിക്കാതെ വയ്യ..
        മ്യഗശാലയും മ്യൂസിയവും കണ്ടിറങ്ങി ഞങ്ങൾ കൊല്ലങ്കോട് കൊട്ടാരം ലക്ഷ്യമാക്കി നടന്നു.100 വർഷം മുമ്പ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് കേന്ദ്രമാക്കി ഭരിച്ചരുന്ന കൊല്ലങ്കോട് രാജാവ് അദ്ദേഹത്തിന്റെ മകൾക്ക് വേണ്ടി നിർമ്മിച്ചതാണിത്.ഇന്ന് പുരാവസ്തു വകുപ്പ് പൈത്യക കേന്ദ്രമായി നല്ല രീതിയിൽ സംരക്ഷിച്ച് പോരുന്നു.കൊട്ടാരത്തിലേക്ക് കടന്ന് ചെന്ന ഞങ്ങളെ അവിടുത്തെ ജീവനക്കാർ  ഓരോ കാര്യങ്ങളും കൂടെ നടന്നു പരിചയപ്പെടുത്തി തന്നു.കൊട്ടാരത്തിന്റെ താഴത്തെ നിലയിൽ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന  വസ്തുക്കളും പഴയ കാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന അപൂർവ്വ  വസ്തുക്കളും പ്രദൾശിപ്പിച്ചിട്ടുള്ളത്.കേരളത്തിൽ ഉണ്ടായിരുന്ന ഒരു പഴയകാല അടുക്കള അതേപോലെ പുനഃസ്യഷ്ടിച്ചിട്ടുണ്ട്.കൊട്ടാരത്തിന്റെ മുകൾ നിലയിൽ കേരളത്തിലെ വിവധ സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുളള അപൂർവ്വ പെയിന്റിങുകളുടെ കോപ്പികൾ പ്രദർശിപ്പിച്ചിരിക്കുന്നു.കൊട്ടാരത്തിന്റെ  പുറത്തുള്ള ചുറ്റുമതിലിൽ കലാകാരൻമാർ തീർത്ത ജീവൻ തുടിക്കുന്ന ചുമർചിത്രങ്ങളാണ്   ഈ കൊട്ടാരത്തിന്റെ മറ്റെരു സവിശേഷത.
കൊലങ്കോട് കൊട്ടാരത്തിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ ഓരോ ഗ്ലാസ് ശീതളപാനീയം കുടിച്ച് വിശ്രമിച്ചശേഷം ടൗൺഹാളിലെത്തി.അവിടെ 'ഫലോത്സവ്-2017' എന്ന പേരിൽ പഴവർഗങ്ങളുടെ പ്രദൾശനവും കച്ചവടവും നടക്കുന്നുണ്ട്. അകത്ത് കടന്ന ഞങ്ങളെ ആദ്യം എതിരേറ്റത്ത് ചക്കയും മാങ്ങയും അടക്കമുള്ള വിവിധ തരം പഴവർഗങ്ങളാണ്.മാങ്ങയുടെ തന്നെ മുപ്പതോളം എെറ്റം പ്രദർശിപ്പിച്ചിട്ടുണ്ട്.വിവിധ തരം തൈകളും പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളും അവിടെ വിൽക്കുന്നുണ്ട്..പ്രദൾശന ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ തൃശൂർ പബ്ലിക്ക് ലൈബ്രറിലേക്ക് കയറി. അവിടെ കുറെ ആളുകൾ നിശബ്ദരായി  പത്രം വായിക്കുകയാണ്.വലുപ്പം കൊണ്ടും അച്ചടക്കം കൊണ്ടും ഗംഭീരമാണ് തൃശൂർ പബ്ലിക്ക് ലൈബ്രറി.കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി..
   
പിന്നീട് ഞങ്ങൾ പോയത് ലളിതകലാ അകാദമിയിലേക്കാണ്..അവിടുത്തെ മാവിൻ ചുവട്ടിൽ കുറച്ച് വിശ്രമിച്ച് ഫേസ്ബുക്കും വാട്സ് അപ്പും തുറന്ന്  ചളികൾവാരിവിതറി സെക്യൂരിറ്റി മാമനോട് കുശലാന്വേഷണം നടത്തി പുറത്തിറങ്ങി.ശക്തൻ തമ്പുരാൻ പാലസ് ലക്ഷ്യമാക്കി നടന്നു.അവിടേക്ക് പോകുന്ന വഴി  തൃശൂർ കോർപറേഷൻ സ്റ്റേഡിയം ഒരു നോക്ക് കണ്ടു.ശക്തൻ തമ്പുരാൻപാലസിലെത്തിയപ്പോൾ സമയം 12.30.ടിക്കറ്റ് എടുത്ത് ഉള്ളിൽ പ്രവേശിച്ചു.പഴയകാലത്ത് രാജാക്കൻമാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ,വസ്ത്രങ്ങൾ,ആയുധങ്ങൾ എന്നിവ കാണാൻസാധിച്ചു. ആനകൊമ്പ് കൊണ്ട് നിർമ്മിച്ച ചെസ് ബോർഡ് മാത്രം കണ്ടാൽ മതി അന്നത്തെ രാജാക്കൻമാരുടെ പ്രൗഢിമനസ്സിലാക്കാൻ.പഴയകാല വിട്ടുപകരണങ്ങളും പുരാതന കളിമൺ പാത്രങ്ങൾ,ശിലായുധങ്ങൾ എന്നിവയൂം അവിടെ കാണാം..അന്നത്തെ യുദ്ധോപകരണങ്ങൾ കണ്ടാൽ ഇന്നത്തെ തോക്കും വടിവാളുമെന്നും എവിടെയും എത്തില്ല.പാലസിന് സമീപത്ത് മനോഹരമായ ഉദ്യാനമുണ്ട്.അവിടെ ഇരുന്ന് കുറച്ച് സെൽഫിയെടുത്ത് ഞങ്ങൾ മടങ്ങി.


ശക്തൻ തമ്പുരൻ പാലസിൽ നിന്നിറങ്ങിയ ഞങ്ങൾ  അടുത്തുള്ള ഹോട്ടലിൽ കയറി വിഭവ സമൃതമായി ഉച്ചഭക്ഷണം കഴിച്ചു.അടുത്ത ഞങ്ങളുടെലക്ഷ്യം ശോഭാ മാളാണ്.ഓട്ടോ വിളിച്ച് ശക്തൻ സ്റ്റാന്റിൽ എത്തിയ ഞങ്ങൾ ശോഭാ സിറ്റിയിലേക്ക്ബസ് കയറി.ശോഭാസിറ്റി...ഒട്ടനവധി  അപ്പാർട്ട്മെന്റുകളും ശോഭാ മാളും അടങ്ങുന്ന ശോഭാസിറ്റി തൃശൂർ നഗരത്തിന്റെ മുഖ്യ ആകർഷണമാണ്.ശോഭാ മാളിനെ കുറിച്ച് പറയുകയാണെങ്കിൽ സൗകര്യത്തിന്റെ കാര്യത്തിലും ആൾതിരക്കിലും  കൊച്ചിയിലെ ലുലു മാളിനെ വെല്ലുന്ന ഒരു ഷോപ്പിംങ് മാളാണ് അത്രവലുപ്പമില്ലെങ്കിലും..ഫോട്ടോ എടുത്തും ( ഞങ്ങളുടെ) ഷോപ്പുകൾ കയറി ഇറങ്ങിയും കാഴ്ച്ചകൾ കണ്ടും ചില സുപ്രധാന കാര്യങ്ങൾ ചർച്ചചെയ്തും സമയം കളഞ്ഞ് ഒരു ജ്യൂസ് മാത്രം കുടിച്ച് അവിടുന്ന് പിരിഞ്ഞു..
       തൃശൂരിലെ ഞങ്ങളുടെ വൈകുന്നേരം എവിടെ ചിലവഴിക്കണമെന്ന കാര്യത്തിൽ  ഞങ്ങൾക്ക് മുന്നിൽ രണ്ട് ഓപ്ഷനാണ് ഉണ്ടായിരുന്നത് വിലങ്ങൻ കുന്ന് അല്ലെങ്കിൽ നെഹ്റു പാർക്ക്.തൃശൂർ വരെ വന്നിട്ട് നെഹ്റു പാർക്കും പൂര നഗരിയും കാണാതെ പോയിട്ട് എന്ത് കാര്യം ? എന്ന ആദിലിന്റെ ചോദ്യം വിലങ്ങൻകുന്നിന് വിലങ്ങിട്ടു..ശോഭാ സിറ്റിയിൽ നിന്ന് ടൗണിലേക്ക് ബസ് കയറിയ ഞങ്ങൾ നെഹ്റുപാർക്കിന് മുന്നിൽ ബസ്സിറങ്ങി. ഗാർഡനും ചിൽഡ്രൻസ് പാർക്കും അടങ്ങിയ നെഹ്റു പാർക്ക് തൃശൂരിലെ ഒരു സായാഹ്ന വിശ്രമ കേന്ദ്രമാണ്.ഒരു ചടങ്ങിന് വേണ്ടി എല്ലാവരും ഓരോ എെസ്ക്രീ കഴിച്ച് പാർക്കും എെസ്ക്രീമും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചു.നെഹ്റു പാർക്കിന്റെ നവീകരണ പ്രവർത്തികൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്.വെള്ളയടിച്ച് വച്ച ചാച്ചാജിക്ക് ടാറ്റ കാണിച്ച് നെഹ്റു പാർക്കിൽ നിന്ന് പുറത്തിറങ്ങി..
       പുറത്തിറങ്ങിയ ഞങ്ങൾ കണ്ടത് വലിയെരു ആൾക്കൂട്ടത്തെയാണ്.ഒരു പാട് ചേർന്നിരുന്ന് ചെസ്കളിക്കുന്നു..എല്ലാവരുടെയും  മുഖം കണ്ടാലറിയാം കളി കാര്യാമണെന്ന്..കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രോൽത്സവമായ  തൃശൂർ പൂരം നടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിന്റെ മുന്നിലുള്ള മരതണലിൽ കുറച്ച് നേരം വിശ്രമിച്ചു.  ഒരൂ പാട് വിദേശികളും സ്വദേശികളും ക്ഷേത്ര സന്ദർശനത്തിനായി വരുന്നുണ്ട്...ശേഷം ഞങ്ങൾ തൃശൂർ പൂരം നടക്കാറുള്ള പൂരപറമ്പിലെത്തി.ഒരു വലിയ ആൾകൂട്ടം ഇവിടെയുമുണ്ട്...സുഹ്യത്തുക്കളോടും കുടുംബത്തോടുമെപ്പം സമയം ചിലവിടാൻ വന്നവരാണ് അവരിലധികവും.....
       ശേഷം തൃശൂരിലെ കഴ്ച്ചകളോട് വിടപറഞ്ഞ് കൊണ്ട് ശക്തൻ സ്റ്റാന്റിൽ നിന്ന്  നാട്ടിലേക്കുള്ള ബസ് കയറി..
  ഒരു പകൽ മുഴുവൻ നടന്നും ഓടിയും ഓട്ടോ വിളിച്ചും ഞങ്ങൾ കണ്ട തൃശൂർ..കാണും തോറും വിശാലത കൂടി വരുന്ന കേരളത്തിന്റെ സാംസ്കരിക നഗരി...പ്രിയപ്പെട്ട തൃശൂർ നഗരത്തിന് നന്ദി...........
                   യാത്രയിലെ അംഗങ്ങൾ...
                        എം.പി സുഹൈൽ
                          മൊഹിയദ്ദീൻ ചാന്ത്
                     ആദിൽ കളിയാട്ടമുക്ക്
                       ഫയാസ് പാലക്കൽ
            

Featured Post

ഏകലവ്യന്‍ വിരല്‍ ചൂണ്ടുന്നത് ആയുധ വിദ്യ പഠിക്കാനാഗ്രഹിച്ച് രാജഗുരുവായ ദ്രേണാചാര്യരുടെ അടുക്കലെത്തുകയും നിഷാദിയെന്നു കണ്ട് ആട്ടി അകറ്റപ്പ...